Msone Official
131K subscribers
4.21K photos
147 videos
4.08K links
Download Telegram
👍31❤25🔥5😱1🏆1
Msone Official
Photo
#MSone Release - 3284

#AlienFest - 14

Life (2017)
ലൈഫ് (2017)

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Daniel Espinosa
പരിഭാഷ: ജിതിൻ ജേക്കബ് കോശി
പോസ്റ്റർ: ഉണ്ണി ജയേഷ്
ജോണർ: ഹൊറർ, സയൻസ് ഫിക്ഷൻ, ത്രില്ലർ

IMDb ⭐️ 6.6/10

മനുഷ്യരാശി അന്നൊരു നാഴികക്കല്ല് പിന്നിടുകയായിരുന്നു. ഭൂമിയ്ക്ക് പുറത്തുള്ള ജീവന്റെ അനിഷേധ്യമായ തെളിവ് അവർ കണ്ടെത്തിയിരിക്കുന്നു! സ്ഫോടനാത്മകമായ ഈ കണ്ടെത്തല്‍ നടന്നിരിക്കുന്നത്, നാം ഇന്നുവരെ നിർമ്മിച്ചതിൽ വച്ചേറ്റവും ചിലവേറിയ ഭവനത്തിൽ വച്ചാണ്. ISS അഥവാ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ വെച്ച്. അന്നേ ദിവസം അതിലെ ആറ് ബഹിരാകാശയാത്രികരുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ പിൽഗ്രിം ക്യാപ്സ്യൂൾ എന്ന പേടകം ചൊവ്വയിലെ മണ്ണിന്റെ സാമ്പിളുമായി ബഹിരാകാശനിലയത്തിലേക്ക് വന്നുചേർന്നു.

അപ്രതീക്ഷിതമായൊരു വെല്ലുവിളിയെ അതിജീവിച്ച് ആ സാമ്പിൾ കൈപ്പറ്റി അതിനെ നിലയത്തിൽ വച്ചുതന്നെ പഠിച്ചപ്പോൾ, ചൊവ്വാമണ്ണിൽ നിർജ്ജീവാവസ്ഥയിലുള്ള ഒരു ഏകകോശത്തെ കണ്ടെത്തി. താപമുയർത്തിയും അന്തരീക്ഷങ്ങൾ മാറ്റിയും അതിൽ പരീക്ഷണം നടത്തിയപ്പോൾ കണ്ടത് അന്യഗ്രഹജീവന്റെ ആദ്യ തുടിപ്പുകളായിരുന്നു! സുവാർത്തയറിഞ്ഞ് ലോകം ആവേശഭരിതമായി. ആ കൊച്ചുകോശത്തിന് കാൽവിനെന്ന് ഓമനപ്പേരിട്ട് അവർ മനുഷ്യകുലത്തിന്റെ ചുവടുവെപ്പ് ആഘോഷിച്ചു.

എന്നാൽ എല്ലാം നല്ല രീതിയില്‍ പോയിക്കൊണ്ടിരുന്നപ്പോഴാണ് കാൽവിൻ തന്റെ തനിനിറം കാട്ടിത്തുടങ്ങിയത്. തുടർപരീക്ഷണങ്ങൾക്ക് വിധേയമാക്കവേ ആ ജീവൻ കൂടുതൽ ആക്രമകാരിയാകാൻ തുടങ്ങി. അതോടെ ബഹിരാകാശനിലയത്തിലുള്ള ഏവരുടെയും ജീവിതം അവതാളത്തിലാകുന്നു. ചൊവ്വാജീവിയുടെ വേട്ട തുടങ്ങുകയായി!

പ്രശസ്തസിനിമയായ ഏലിയനോട് സമാനമായി, സയൻസ് ഫിക്ഷൻ സിനിമ എന്നതിനേക്കാൾ ഒരു ഹൊറര്‍ സിനിമ എന്ന രീതിയിൽ സമീപിച്ചാലാണ് ഈ ചിത്രം ഏറ്റവും നന്നായി ആസ്വദിക്കാനാവുക. കാരണം അത്രത്തോളം ഭീതിജനകവും ത്രില്ലടിപ്പിക്കുന്നതുമായ ഒട്ടനവധി രംഗങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് സിനിമ.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Alien_Fest #English #Horror #Sci_Fi #Thriller
👍95❤34😁2🎉2🔥1
👍25❤11👏2🔥1
Msone Official
Photo
#MSone Release - 3285

#AlienFest - 15

Brightburn (2019)
ബ്രൈറ്റ്ബേൺ (2019)


ഭാഷ: ഇംഗ്ലീഷ്
സംവിധാനം: David Yarovesky
പരിഭാഷ: അനുപ് അനു
പോസ്റ്റർ: ഉണ്ണി ജയേഷ്
ജോണർ: ഡ്രാമ, ഹൊറർ, സയൻസ് ഫിക്ഷൻ

IMDb ⭐️ 6.1/10

2019-ൽ പുറത്തിറങ്ങിയ ഒരു സൂപ്പർഹീറോ ഹൊറർ ചിത്രമാണ് “ബ്രൈറ്റ്ബേൺ.” തനിക്ക് അസാമാന്യ ശക്തിയുണ്ടെന്ന് കണ്ടെത്തുന്ന അന്യഗ്രഹ വംശജനായ ബ്രാൻഡൻ ബ്രെയർ എന്ന ആൺകുട്ടിയെ ചുറ്റിപ്പറ്റിയാണ് ഈ ചിത്രം പുരോഗമിക്കുന്നത്. ഒരു ദിവസം രാത്രി കുട്ടികളില്ലാതെ വിഷമിച്ചിരുന്ന കൈൽ-ടോറി ദമ്പതികളുടെ വീടിന് സമീപം ഒരു ബഹിരാകാശ പേടകം തകർന്നുവീഴുന്നിടത്താണ് ചിത്രത്തിന്റെ കഥ ആരംഭിക്കുന്നത്. പിന്നീട് അങ്ങോട്ട് ബ്രാൻഡൻ ബ്രെയർ എന്ന കുട്ടിയുടെ ചെറുപ്പകാലമാണ് ചിത്രത്തിൽ കാണിക്കുന്നത്.

പ്രായപൂർത്തിയായതിൽ പിന്നെ തനിക്ക് അമാനുഷിക ശക്തിയുണ്ടെന്ന് ബ്രാൻഡൻ പതിയെ മനസ്സിലാക്കുന്നു. അവന്റെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങൾ രക്ഷിതാക്കളായ കൈൽ-ടോറി ദമ്പതികളെ വളരെ അധികം അസ്വസ്ഥരാക്കുന്നു. മറ്റുള്ളവരെ സഹായിക്കാൻ തന്റെ ശക്തി ഉപയോഗിക്കുന്നതിനുപകരം, തന്റെ നഗരത്തിലെ ജനങ്ങളെ ദ്രോഹിക്കാനും ഭയപ്പെടുത്താനുമാണ് ബ്രാൻഡൻ ശ്രമിക്കുന്നത്. തുടർന്നങ്ങോട്ടുണ്ടാകുന്ന സംഭവവികാസങ്ങളാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. സൂപ്പർ ഹീറോ സിനിമകൾ ഇഷ്ടപ്പെടുന്നവരെ നിരാശപ്പെടുത്താത്ത ഒരു ചിത്രമായിരിക്കും ബ്രൈറ്റ്ബേൺ.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Alien_Fest #Drama #English #Horror #Sci_Fi
👍74❤12😁2😢2😍2
👍22❤14
Msone Official
Photo
#MSone Release - 3286

#AlienFest - 16

Skyline (2010)
സ്കൈലൈൻ (2010)


ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Colin Strause & Greg Strause
പരിഭാഷ: ജിതിൻ ജേക്കബ് കോശി
പോസ്റ്റർ: ഉണ്ണി ജയേഷ്
ജോണർ: ആക്ഷൻ, സയൻസ് ഫിക്ഷൻ, ത്രില്ലർ

IMDb ⭐️ 4.5/10

സുഹൃത്തായ ടെറിയുടെ പിറന്നാൾ ആഘോഷിക്കാൻ കാലിഫോർണിയയിൽ എത്തിയതാണ് ജെറോഡും ഭാര്യ എലൈനും. ഈ വരവില്‍ അവരെ ലോസ് ആഞ്ചലസിലേക്ക് താമസം മാറ്റാൻ സമ്മതിപ്പിക്കണമെന്ന ഉദ്ദേശമുണ്ട് ടെറിയ്ക്ക്. എന്നാൽ എലൈനാകട്ടെ, അവളൊരു അമ്മയാകുന്ന വിവരം ജെറോഡിനോട് അവതരിപ്പിക്കുന്ന ടെൻഷനിലായിരുന്നു.

അങ്ങനെ ബർത്ത്ഡേ പാർട്ടിക്കിടെ നടന്ന ചെറിയ തർക്കങ്ങളൊക്കെ കഴിഞ്ഞ്, ടെറിയുടെ അപ്പാർട്ട്മെന്റിൽ അവരെല്ലാം ആ രാത്രി ഉറങ്ങാൻ കിടന്നു. രാത്രി അധികം വൈകിയില്ല, പ്രഭാതം പൊട്ടിവിരിയുന്നത് പോലെ ആകാശത്തിലൊരു നീലവെളിച്ചം തെളിഞ്ഞു. ആ വെളിച്ചത്തിലേക്ക് നോക്കിയവർ ഹിപ്പ്നോട്ടൈസ് ചെയ്യപ്പെട്ടതുപോലെ അതിലേക്ക് നടന്നുകേറി. അത്തരത്തിൽ, ലോകത്താകമാനമുള്ള കോടിക്കണക്കിന് മനുഷ്യരെ എവിടെനിന്നോ വന്ന അന്യഗ്രഹജീവികൾ അവരുടെ നിഗൂഢമായ ഉദ്ദേശ്യത്തിന് വേണ്ടി തട്ടിയെടുത്തു. വെളിച്ചം കൊണ്ട് പിടികൂടാൻ പറ്റാഞ്ഞവരെ നേരിട്ടും കളത്തിലിറങ്ങി പിടിക്കാൻ തുടങ്ങി.

തലനാരിഴക്ക് രക്ഷപ്പെട്ട് നിൽക്കുന്ന ജെറോഡും കൂട്ടരും അപ്പാർട്ട്മെന്റിൽനിന്ന് പുറത്തുകടക്കണോ വേണ്ടയോ എന്ന വാദപ്രതിവാദങ്ങൾ നടത്തിക്കൊണ്ടിരിക്കുമ്പോഴും കൂട്ടത്തിലുള്ളവരെ ഓരോന്നായി ആ അന്യഗ്രഹജീവികൾ തട്ടിയെടുത്തുകൊണ്ടിരുന്നു. ലോകമെമ്പാടും നടക്കുന്ന വലിയൊരു ഏലിയൻ ആക്രമണത്തെ ഒരു ഫ്ലാറ്റിലുള്ള ഏതാനും പേരുടെ കാഴ്ചപ്പാടിലൂടെ കാണിക്കുന്ന, അവരുടെ അതിജീവിക്കാനുള്ള ശ്രമങ്ങളുടെ കഥയാണ് സ്കൈലൈൻ.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Alien_Fest #English #Sci_Fi #Thriller
👍84❤27🥰1
👍33❤13
Msone Official
Photo
#MSone Release - 3287

#AlienFest - 17

Beyond Skyline (2017)
ബിയോണ്ട് സ്കൈലൈൻ (2017)


ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Liam O’Donnell
പരിഭാഷ: ജിതിൻ ജേക്കബ് കോശി
പോസ്റ്റർ: ഉണ്ണി ജയേഷ്
ജോണർ: ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ

IMDb ⭐️ 5.3/10

സ്കൈലൈനിലെ സംഭവങ്ങൾ നടന്ന അതേ സമയത്ത്, മറ്റൊരിടത്ത് നടക്കുന്ന… കുറെ മനുഷ്യരുടെ ചെറുത്തുനില്പിന്റെ കഥയാണ് ബിയോണ്ട് സ്കൈലൈൻ. പോലീസ് ഉദ്യോഗസ്ഥനായ മാർക്ക്, മകനൊപ്പം മെട്രോയിൽ യാത്ര ചെയ്യവേ പെട്ടെന്നാണ് പവർ നഷ്ടമായി ട്രെയിൻ ഇടിച്ചുനിന്നത്! വയർലെസ്സും പ്രവർത്തിക്കുന്നില്ല. കർത്ത്യബോധമുണർന്ന മാർക്ക്, ട്രെയിനിലെ യാത്രക്കാരെ നയിച്ചുകൊണ്ട് ടണലിലൂടെ നടന്ന് വെളിയിലെത്തി. അപ്പോഴാണ് ഏലിയൻസ് ലോകം ആക്രമിക്കുന്നതും നീലവെളിച്ചവും ഒക്കെ കാണുന്നത്. ആ വെളിച്ചത്തിലേക്ക് നോക്കിയവരെയെല്ലാം അന്യഗ്രഹജീവികൾ പേടകങ്ങളിലേക്ക് വലിച്ചെടുത്തു, ഒപ്പം മാർക്കിന്റെ മകനെയും!

അവനെ രക്ഷിക്കാൻ രണ്ടും കല്പിച്ച് ഷിപ്പിലെത്തിയ മാർക്ക്, അവിടുത്തെ പോരാട്ടങ്ങൾക്കൊടുവിൽ മറ്റൊരു രാജ്യത്തെത്തുന്നു. അവിടുത്തെ വിമതരുമായി സഖ്യമുണ്ടാക്കി അയാൾ ടെക്നോളജിയിൽ ബഹുദൂരം മുന്നിലുള്ള ആ അന്യഗ്രഹജീവികൾക്കെതിരെ കടശ്ശിക്കളിയ്ക്ക് ഒരുങ്ങുകയാണ്. അവർ തട്ടിയെടുത്ത മനുഷ്യരുടെ വിമോചനമാണ് അവരുടെ ലക്ഷ്യം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Adventure #Alien_Fest #English #Sci_Fi
👍71❤24😢2
👍35❤10🔥1👏1
Msone Official
Photo
#MSone Release - 3288

#AlienFest - 18

Nope (2022)
നോപ് (2022)

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Jordan Peele
പരിഭാഷ: അഭിഷേക് പി യു
പോസ്റ്റർ: ഉണ്ണി ജയേഷ്
ജോണർ: ഹൊറർ, മിസ്റ്ററി, സയൻസ് ഫിക്ഷൻ

IMDb ⭐️ 6.8/10

വരണ്ട ഭൂപ്രകൃതിയെങ്കിലും സുന്ദരമായ മലനിരകളുള്ള ഒരു കാലിഫോര്‍ണിയൻ താഴ്‌വരയിലാണ് ഹെയ്വുഡ് കുടുംബത്തിന്റെ താമസം. സിനിമകളിലേക്കുള്ള കുതിരകളെ വളർത്തി പരിശീലിപ്പിക്കുന്ന ബിസിനസ്സ് നടത്തുന്നവരാണവർ. അങ്ങനെയിരിക്കെ ഒരു ദിവസം ആ കുടുംബത്തിലെ അച്ഛനും മകനും അവിടുത്തെ റാഞ്ചിൽ കുശലം പറഞ്ഞതുകൊണ്ടിരിക്കുമ്പോഴാണ് ആകാശത്തുനിന്നും വീണ ഒരു നാണയം തലയില്‍ തുളഞ്ഞുകേറി അച്ഛന്‍ മരിക്കുന്നത്. വിമാനത്തിൽ നിന്ന് വീണതാണെന്ന പൊലീസ് ഭാഷ്യത്തോട് പൊരുത്തപ്പെടാൻ ആ മകന് കഴിഞ്ഞില്ല.

ഏതായാലും ആ സംഭവത്തിന് ആറ് മാസം കഴിഞ്ഞുള്ള ഒരു രാത്രിയില്‍, അയാളും സഹോദരിയും തങ്ങളുടെ ഫാമിന് മുകളിൽ ആകാശത്ത് എന്തോ ഒന്ന് പറന്നു നടക്കുന്നതായി കണ്ടെത്തി. തങ്ങളുടെ അച്ഛന്റെ മരണത്തിന് ഉത്തരവാദിയായ രഹസ്യത്തിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള അവരുടെ പരിശ്രമങ്ങളിലൂടെ സിനിമ മുന്നോട്ടുപോകുന്നു.

ജോർദാൻ പീൽ എഴുതി സംവിധാനം ചെയ്ത സിനിമ IMAX ൽ ആണ് ഷൂട്ട്‌ ചെയ്തിട്ടുള്ളത്. മികച്ച ഛായാഗ്രഹണത്തിനും ആവിഷ്ക്കാരത്തിനും പുറമേ നിരവധി ലെയറുകളും ഉപകഥകളും അടങ്ങുന്ന നോപ്, അതിനെ ആഴത്തിൽ ഉൾക്കൊള്ളാൻ ആസ്വാദകന്റെ മുഴുവന്‍ ശ്രദ്ധയും ആവശ്യപ്പെടുന്നുണ്ട്. ആദ്യ ഒന്നര മണിക്കൂറിലെ ഹൊറര്‍ മൂഡിൽ നിന്ന് പിന്നീട് ത്രില്ലർ മൂഡിലേക്കുള്ള സിനിമയുടെ കൂടുമാറ്റത്തിനൊപ്പം സഞ്ചരിക്കുന്നവർക്ക് എല്ലാ അർത്ഥത്തിലും ഇതൊരു നവ്യാനുഭവമായിരിക്കും.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Alien_Fest #English #Horror #Mystery #Sci_Fi
👍109❤30😱2🥰1👏1
👍36❤18👏3🔥1
Msone Official
Photo
#MSone Release - 3289

#AlienFest - 19

Super 8 (2011)
സൂപ്പർ 8 (2011)


ഭാഷ: ഇംഗ്ലീഷ്
സംവിധാനം: J.J. Abrams
പരിഭാഷ: ജിതിൻ ജേക്കബ് കോശി
പോസ്റ്റർ: ഉണ്ണി ജയേഷ്
ജോണർ: ആക്ഷൻ, മിസ്റ്ററി, സയൻസ് ഫിക്ഷൻ

IMDb ⭐️ 7.0/10

കുട്ടികളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഇരുപതാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലൊരുക്കിയ നിരവധി ഹിറ്റ് സിനിമകൾക്കും സീരിസുകൾക്കും വഴികാട്ടിയായിരുന്നു ജെ. ജെ അബ്രാംസിന്റെ സൂപ്പർ 8.

1979-ലെ ഒരു ഫിലിം ഫെസ്റ്റിവലിലേക്ക് അയക്കാൻ ഒരു ഷോർട്ട് ഫിലിം എടുക്കാനുള്ള തത്രപ്പാടിലായിരുന്നു ഒരുകൂട്ടം കുട്ടികൾ. അങ്ങനെ പാതിരാത്രി വീട്ടുകാരുടെ കണ്ണുവെട്ടിച്ച് ഒരൊഴിഞ്ഞ റെയില്‍വേ സ്റ്റേഷനിൽ അവർ ഷൂട്ടിങ് നടത്തവേയാണ് ഒരു ചരക്കുട്രെയിൻ പാളം തെറ്റി അവിടെ ഭീകരമായ അപകടമുണ്ടായത്! അതിൽനിന്ന് എങ്ങനെയൊക്കെയോ രക്ഷപ്പെട്ട അവർ അപകടാനന്തരം ചെന്ന് പരിശോധിച്ചപ്പോൾ അത് എയർഫോഴ്സിന്റെ ട്രെയിനാണെന്നും അതിൽ നൂറുകണക്കിന് വിചിത്രമായ വെളുത്ത ക്യൂബുകൾ കടത്തുകയായിരുന്നെന്നും കണ്ടെത്തി.

അവർ ആ സംഭവത്തെപ്പറ്റി ആരോടും ഉരിയാടില്ലെങ്കിലും പിന്നീടങ്ങോട്ട് അന്നാട്ടിൽ കുഴപ്പങ്ങളുടെ ഘോഷയാത്ര തന്നെയായിരുന്നു. പിറ്റേന്നുതന്നെ അവിടം എയർഫോഴ്സ് കയ്യേറുകയും നാട്ടുകാരെ ഒഴിപ്പിച്ച് എന്തോ നിഗൂഢമായ ഓപ്പറേഷന്‍ നടത്താൻ പദ്ധതിയിടുകയും ചെയ്തു. ഇതിന്റെ പിന്നിലെ സത്യാവസ്ഥ അറിയാൻ നമ്മുടെ കുട്ടിപ്പട്ടാളം ഇറങ്ങിത്തിരിക്കുകയായി!

കുട്ടികൾ ടീമായിട്ടുള്ള അഡ്വഞ്ചർ സിനിമകൾ ഇഷ്ടപ്പെടുന്നവർ ഒരിക്കലും മിസ്സാക്കരുതാത്ത ചിത്രമാണിത്. മനോഹരമായ ഫ്രെയിമുകൾക്കും ത്രില്ലടിപ്പിക്കുന്ന സംഭവങ്ങൾക്കും പുറമേ, ആദ്യ പ്രണയത്തിന്റെ മധുരവും കളങ്കമില്ലാത്ത സൗഹൃദത്തിന്റെ ഊഷ്മളതയും ബാല്യചാപല്യത്തിൽ നിന്ന് ഉദിക്കുന്ന തമാശകളുമൊക്കെ ഇത്തരം സിനിമകളിൽ ആസ്വദിക്കാനാകും.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Alien_Fest #English #Mystery #Sci_Fi
👍88❤18🥰1
❤24👍18
Msone Official
Photo
#MSone Release - 3290

#AlienFest - 20

Predators (2010)
പ്രിഡേറ്റേഴ്സ് (2010)


ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Nimród Antal
പരിഭാഷ: അരവിന്ദ് കുമാർ
പോസ്റ്റർ: ഉണ്ണി ജയേഷ്
ജോണർ: ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ

IMDb ⭐️ 6.4/10

പരസ
്പരം പരിചിതരല്ലാത്ത ഒരു കൂട്ടം ആൾക്കാർ ഒരു കാട്ടിലകപ്പെടുന്നു. തങ്ങൾ എത്തിപ്പെട്ടത് എവിടെയാണെന്ന് കണ്ടെത്താൻ ശ്രമിക്കുമ്പോൾ ഞെട്ടിപ്പിക്കുന്ന സത്യങ്ങളാണ് അവർ തിരിച്ചറിഞ്ഞത്. അന്യഗ്രഹ ജീവികൾക്ക് നായാട്ടുവിനോദം നടത്താനായി അവർ ഒരുക്കിയ കളിക്കളമാണ് ആ ഗ്രഹമെന്ന് തിരിച്ചറിഞ്ഞതോടെ അവർ പിന്നീടുള്ള ഓരോ ചുവടും അതിസൂക്ഷ്മതയോടെ വെച്ച് നടന്നു. അവിടെ അതിജീവിച്ചുകൊണ്ട് ഭൂമിയിലേക്ക് തിരികെ മടങ്ങാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്താനുള്ള അവരുടെ പരിശ്രമമാണ് ചിത്രം പറയുന്നത്. 

ഇര പിടിയന്മാരായ അന്യഗ്രഹവാസികളിൽ നിന്ന് അവർക്ക് രക്ഷപ്പെടാനാകുമോ? എന്തൊക്കെ ആപത്തുകളാണ് അവരെയാ വനത്തിൽ കാത്തിരിക്കുന്നത്? ഒട്ടും മുഷിപ്പിക്കാതെ കണ്ടിരിക്കാവുന്ന ഒന്നേ മുക്കാൽ ദൈർഘ്യം
മാത്രമുള്ള ഒരു സയൻസ് ഫിക്ഷൻ ആക്ഷൻ ത്രില്ലർ ചിത്രമാണ് പ്രിഡേറ്റേഴ്സ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Adventure #Alien_Fest #English #Sci_Fi
👍80❤15😢6🥰3😱1🏆1
❤36👍24🔥4👏3
Msone Official
Photo
#MSone Release - 3291

#AlienFest - 21

The Tomorrow War (2021)
ദ ടുമോറോ വാർ (2021)


ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Chris McKay
പരിഭാഷ: ജിതിൻ ജേക്കബ് കോശി & വിഷ്ണു പ്രസാദ്
പോസ്റ്റർ: ഉണ്ണി ജയേഷ്
ജോണർ: ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ

IMDb ⭐️ 6.6/10

ഖത്തറിലെ കത്തുന്ന വേനലില്‍ 2022 ലോകകപ്പിന്റെ ആവേശകരമായ ഫൈനല്‍. അലറിവിളിക്കുന്ന ഗ്യാലറിയുടെ അകമ്പടിയോടെ ബ്രസീൽ സ്ട്രൈക്കർ പന്തുമായി എതിർ ഗോൾമുഖത്തേക്ക് പാഞ്ഞടുക്കുന്നു. പെട്ടെന്നാണ് ആകാശം പിളര്‍ന്ന് കുറെ പട്ടാളക്കാർ മാനത്തുനിന്ന് ഗ്രൗണ്ടിലേക്ക് നടന്നിറങ്ങിയത്. ലോകമാകെ സ്തംഭിച്ചുപോയി.

2051-ൽ നിന്നും വന്ന സമയയാത്രികരായിരുന്നു അവർ. നാളത്തെ യുദ്ധത്തെ കുറിച്ചുള്ള അടിയന്തരസന്ദേശം നൽകാൻ എത്തിയവർ. മുപ്പത് വർഷം കഴിയുമ്പോൾ വൈറ്റ്സ്പൈക്ക്സ് എന്ന അന്യഗ്രഹജീവിവർഗ്ഗം ഭൂമി ആക്രമിക്കുമെന്നും, ആ ആഗോളയുദ്ധത്തിൽ മനുഷ്യകുലം വംശനാശത്തിലേക്ക് അടുക്കാറായെന്നും അവർ വെളിപ്പെടുത്തുന്നു. ജനസംഖ്യ നന്നേ കുറഞ്ഞയാ ഘട്ടത്തില്‍ തങ്ങളുടെ പൂർവ്വികരോട് ഭാവിയിലെ യുദ്ധത്തിലേക്ക് ടൈംട്രാവൽ ചെയ്ത് തങ്ങളോടൊപ്പം പോരാടണമെന്നാണ് അവരുടെ അഭ്യർത്ഥന. ക്യാമറാക്കണ്ണുകളിലൂടെ മുഴുവന്‍ ലോകത്തോടും അവർ യാചിച്ചു.

അങ്ങനെ ലോകരാഷ്ട്രങ്ങൾ, അന്യഗ്രഹജീവികളുമായി യുദ്ധം ചെയ്യുന്നതിന് ഇവിടെയുള്ള പട്ടാളക്കാർക്ക് പുറമേ സാധാരണക്കാരെയും ആഴ്ച തോറും ഭാവിയിലേക്ക് അയച്ചു. പക്ഷേ ഭൂരിഭാഗവും അവിടെ വച്ച് കൊല്ലപ്പെട്ടപ്പോൾ ഈ നിർബന്ധിത റിക്രൂട്ട്മെന്റ് ഏവർക്കും പേടിസ്വപ്നമായി. അപ്പോഴാണ് ഡാൻ എന്ന ഹൈസ്ക്കൂള്‍ അധ്യാപകന് ഭാവിയുദ്ധത്തിൽ പങ്കെടുക്കാനുള്ള ഉത്തരവ് കിട്ടുന്നത്. അങ്ങനെ ഗത്യന്തരമില്ലാതെ 2051-ൽ ചെല്ലുന്ന ഡാനിന്റെ അതിജീവനത്തിനായുള്ള പോരാട്ടവും മനുഷ്യരാശിയെ രക്ഷിക്കാനുള്ള ശ്രമങ്ങളുമാണ് പിന്നീടങ്ങോട്ട് ചിത്രത്തിൽ. ആക്ഷൻ കൊണ്ടും ത്രില്ലിങ് സന്ദർഭങ്ങൾ കൊണ്ടും സമ്പന്നമായ ഒരു പോപ്പ്കോൺ ചിത്രം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Adventure #Alien_Fest #English #Sci_Fi
👍101❤27🔥6😢2
👍39❤12
Msone Official
Photo
#MSone Release - 3292

#AlienFest - 22

Dark Skies (2013)
ഡാർക്ക് സ്കൈസ് (2013)


ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Scott Stewart
പരിഭാഷ: ജിതിൻ ജേക്കബ് കോശി
പോസ്റ്റർ: ഉണ്ണി ജയേഷ്
ജോണർ: ആക്ഷൻ, സയൻസ് ഫിക്ഷൻ, ത്രില്ലർ

IMDb ⭐️ 6.3/10

കുടുംബനാഥന്റെ ജോലി നഷ്ടപ്പെട്ടത് കാരണം, ബാരറ്റ് കുടുംബം ചെറിയ സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോവുകയാണ്. അപ്പോഴാണ് ഇളയകുട്ടിയുടെ സ്വപ്നത്തില്‍ ‘സാൻഡ്മാൻ’ എന്നൊരാൾ കടന്നുവരാൻ തുടങ്ങിയത്. രാത്രി വീട്ടിൽ അതിക്രമിച്ചുകടന്ന് കുട്ടിയോട് സംസാരിക്കുന്ന സാൻഡ്മാൻ, അടുക്കളയിൽ കേറി ആഹാരസാധനങ്ങൾ എടുക്കുകയും വിചിത്രമായ രീതിയില്‍ വീട്ടുസാധനങ്ങള്‍ അടുക്കിവെക്കുകയും ചെയ്യുന്നത് പതിവായപ്പോൾ വീട്ടുകാർ പകച്ചുപോയി.

പക്ഷേ അതൊരു തുടക്കം മാത്രമായിരുന്നു, ആ വീട്ടിലെ ഓരോത്തരുടെയും മനസ്സിനെ ആരൊക്കെയോ നിയന്ത്രിച്ചുതുടങ്ങി. അങ്ങനെ വിചിത്രമായ ഒരുപാട് സംഭവങ്ങള്‍ അരങ്ങേറിയപ്പോഴാണ് ഗത്യന്തരമില്ലാതെ അവർ ഇത്തരം കാര്യങ്ങളില്‍ അറിവുള്ള ഒരാളെ ചെന്ന് കാണുന്നത്. ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് അയാൾ വെളിപ്പെടുത്തിയത്. തങ്ങളുടെ കുടുംബത്തെ ഏതോ ഗൂഢോദ്ദേശ്യത്തിനായി അന്യഗ്രഹ ജീവികൾ തിരഞ്ഞെടുത്തിരിക്കുകയാണെന്ന സത്യം അവർ മനസ്സിലാക്കുന്നു. അവരെ പ്രതിരോധിക്കാൻ ബാരറ്റ് കുടുംബത്തിന് എന്ത് ചെയ്യാനാകും?

സമാധാനത്തോടെ കഴിയുന്ന കുടുംബത്തിലേക്ക് വിചിത്രമായ അതിഥികൾ വരുന്നതോടെ അവരുടെ ജീവിതം കീഴ്മേല്‍ മറിയുന്ന, പരിചിതമായ പ്രേതകഥകൾക്ക് സമാനമായ കാഴ്ചാനുഭവമാണ് ഡാർക്ക് സ്കൈസ് പകരുന്നത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Alien_Fest #English #Sci_Fi #Thriller
👍82❤15
👍33❤9😁3🔥2
Msone Official
Photo
#MSone Release - 3293

#AlienFest - 23

District 9 (2009)
ഡിസ്ട്രിക്റ്റ് 9 (2009)

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Neill Blomkamp
പരിഭാഷ: വിഷ്ണു പ്രസാദ് & ജിതിൻ ജേക്കബ് കോശി
പോസ്റ്റർ: ഉണ്ണി ജയേഷ്
ജോണർ: ആക്ഷൻ, സയൻസ് ഫിക്ഷൻ, ത്രില്ലർ

IMDb ⭐️ 7.9/10

അന്യഗ്രഹജീവികളും മനുഷ്യരും ഭൂമിയിൽ ഒത്തൊരുമിച്ച് സന്തോഷത്തോടെ ജീവിക്കുന്ന നിറം പിടിപ്പിച്ച കഥകൾ പല കാർട്ടൂണുകൾക്കും വിഷയമായിട്ടുണ്ട്. എന്നാല്‍ അങ്ങനെയൊന്ന് യഥാര്‍ത്ഥത്തിൽ നടന്നാൽ നമ്മളില്‍ എത്ര പേർ ഉൾക്കൊള്ളും? അങ്ങനൊരു റിയലിസ്റ്റിക് സാഹചര്യത്തെ തുറന്നുകാട്ടാനാകണം, ഡിസ്ട്രിക്റ്റ് 9 ചിത്രീകരിച്ചിരിക്കുന്നത് ഒരു ഡോക്യുമെന്ററി ശൈലിയിലാണ്.

അന്യഗ്രഹത്തിൽ നിന്ന് സ്പേസ്ഷിപ്പ് വന്നത് അമേരിക്കയിലായിരുന്നില്ല. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിന് മുകളിൽ അതങ്ങനെ മാസങ്ങളോളം നിശ്ചലമായി നിലകൊണ്ടു. ഒടുവില്‍ ചട്ടക്കൂട്ട് പൊളിച്ച് അകത്തുകേറിയ ദൗത്യസംഘം കണ്ടത്, മൃതപ്രായരായി കിടക്കുന്ന ലക്ഷക്കണക്കിന് അന്യഗ്രഹജീവികളെയായിരുന്നു.

മാനുഷികമൂല്യങ്ങളെ മുൻനിർത്തി അവരെ ‘പ്രോൺ’ എന്ന് വിളിപ്പേരിട്ട് സർക്കാർ, സ്പേസ്ഷിപ്പിന് തൊട്ടുതാഴെയുള്ള ഭൂമിയിൽ ചേരി കെട്ടി പാർപ്പിച്ചു. പക്ഷേ അവരും മനുഷ്യരും ഒരുമിച്ചുള്ള ജീവിതസാഹചര്യങ്ങളിൽ കലഹങ്ങളും കുഴപ്പങ്ങളും പെരുകിയത്, കോളനി ഒഴിപ്പിച്ച് അവരെയെല്ലാം നഗരത്തിന് വെളിയിലേക്ക് മാറ്റാൻ സർക്കാരിനെ നിർബന്ധിതരാക്കി. എന്നാല്‍ അതിനായി ഉത്സാഹിച്ച് മുന്നില്‍ നിന്ന MNU എന്ന കോർപ്പറേറ്റിന്റെ കണ്ണ് പ്രോണുകളുടെ അത്യാധുനികമായ ആയുധങ്ങളിലായിരുന്നു!

ഫാന്റസി സ്വഭാവമുള്ള കഥയായിരുന്നിട്ടുകൂടി, റിയലിസത്തിൽ അവതരിപ്പിക്കാൻ സംവിധായകന്‍ കാണിച്ച യുക്തിബോധം പ്രശംസനീയമാണ്. സാധാരണ സിനിമകളിൽ നിന്ന് വ്യത്യസ്തമായി അന്യഗ്രഹജീവികളെ അവതരിപ്പിച്ചതും വേറിട്ട കഥാ സന്ദർഭവും പശ്ചാത്തലവുമൊക്കെ ഇതിനെ ഏലിയൻ ജോണറിലെ മികച്ച ചിത്രങ്ങളിലൊന്നാക്കുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Alien_Fest #English #Sci_Fi #Thriller
👍110❤18😢6🔥5🥰3😁1